സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്ക് കുതി ക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബ്ഫുട്ട് രഹിത കേരളത്തിനായി ലോകാരോഗ്യസംഘടന യൂണിവേഴ്സിറ്റി സി.ഡി.സി. കേരളം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസന രാഷ്ട്രങ്ങളോട് കിടപിടിക്കത്തക്ക നിലയിലായിരുന്നു കേരളത്തിലെ ആരോഗ്യ മേഖല എത്തിനിൽക്കുന്നത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ നടപ്പാക്കിയ വിപുലമായ പരിപാടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്, ഈ നേട്ടങ്ങളിൽ മതിമറന്നു ഇരിക്കലല്ല നാം ഉദ്ദേശിക്കുന്നത്, ആരോഗ്യരംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് അതിനായി വിവിധ മേഖലകളിൽ ഇടപെടൽ നടത്താൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതശൈലി രോഗങ്ങൾ ആണ് ആരോഗ്യരംഗത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്. കൃത്യമായ പരിപാടിയുടെ അടിസ്ഥാനത്തിൽ ഇതിനെ നേരിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നവജാതശിശുക്കളിൽ കണ്ടുവരുന്ന തൂക്കക്കുറവും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 12 ശതമാനം കുട്ടികളിൽ തൂക്കക്കുറവ് ഉണ്ടെന്നാണ് കണക്കെടുക്കപ്പെടുന്നത്. ഇത് പരിഹരിക്കപ്പെടണം. ഇതിന്റെ ഭാഗമായി ‘ക്യാംപെയിൻ 12 ‘ എന്ന പരിപാടി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

കുട്ടികളിൽ കണ്ടുവരുന്ന അനീമിയ കുറച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ടണിത്. ക്ലബ്ബ് ഫൂ ട്ടും ശിശുക്കളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് നേരത്തെ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും കഴിഞ്ഞാൽ വലിയ ആശ്വാസമാകും. സംസ്ഥാനത്തെ പൂർണമായി ക്ലബ് ഫൂട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. നിലവിൽ 8 ക്ലബ് ഫൂട്ട് ക്ലിനിക്കുകൾ ആണ് സർക്കാർ ആശുപത്രികളിൽ ഉള്ളത്. ഭാവിയിൽ 37 എണ്ണം കൂടി തുറക്കാൻ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈകല്യങ്ങൾ തടഞ്ഞുനിർത്തുകയും അതുവഴി ആരോഗ്യ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.