ഒരു നിശ്ചിത തുക ഈടാക്കി കെഎസ്ആർടിസി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ -സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്നും ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.