ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

    ശബരിമല: ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. 360 കിലോ സ്ഫോടക വസ്തു ശേഖരമാണ് സുരക്ഷാ പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.

    30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചത്. പോലീസും വനപാലകരും ബോംബ് സ്‌ക്വഡും കമാന്‍ഡോകളും ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. ശബരീപീഠത്തില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെ മാറിയാണ് വെടിമരുന്ന് കണ്ടെത്തിയത്. ശബരീപീഠത്തില്‍ വിഷു ഉത്സവം വരെ വെടിവഴിപാട് നടന്നിരുന്നുവെങ്കിലും പിന്നീട് വനംവകുപ്പ് ഇടപെട്ട് ഇത് തടഞ്ഞിരുന്നു. ഒരുപക്ഷേ അന്ന് ബാക്കി വന്ന മരുന്നാകാം ഇതെന്നും പോലീസ് സംശയിക്കുന്നു. സന്നിധാനം എസ്.ഐ അശ്വിത് എം. കാരായ്മയില്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

    പിടിച്ചെടുത്ത സ്ഫോടക വസ്തു ശേഖരം സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ശാലയിലേയ്ക്ക് മാറ്റി. വെടിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാക്കനാട്ടെ എക്സ്പ്ലോസീവ് കണ്‍ട്രോളറെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. കണ്‍ട്രോളര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കും.