കോവിഡ് വ്യാപനം രൂകഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കുമായി കൂടുതൽ വിദേശ രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തുകയും മൂന്ന് ലക്ഷത്തിലധികമായി പ്രതിദിന കോവിഡ് കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ നടപടി സ്വീകരിച്ചിരിക്കുന്നത്. യു.എസ്, ഒമാൻ, യു.എ.ഇ, യു.കെ, പാകിസ്താൻ, ന്യൂസിലൻഡ്, സിംഗപൂർ, ഫ്രാൻസ് ഉൾപ്പെടെ പത്ത് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളവരെ ഇതിനകം വിലക്കിയത്. സൗദി അറേബ്യ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഖത്തറും ബഹ്റൈനും മാത്രമാണ് ഗൾഫിൽ ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്താത്ത മറ്റു രാജ്യങ്ങൾ. ഫ്രാൻസും ഇന്ത്യയ്ക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയും കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയ്ക്ക് വിലക്ക് ഏർപ്പെടുത്താനാണ് സാധ്യത. വിലക്കിന് മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം മുതൽ ദുബൈ ഇന്ത്യക്കാർക്ക് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധന ഫലമുള്ളവർക്ക് മാത്രമേ നിലവിൽ ദുബൈയിലേക്ക് പ്രവേശനമുള്ളൂ.