ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

ദുബായ്: ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ഇന്നലെ മുതലാണ് വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്. എയര്‍ഇന്ത്യ എക്‌സപ്രസ് സര്‍വ്വീസായിരിക്കും ഇനി മുതല്‍ സര്‍വ്വീസ് നടത്തുക. വിമാനം ബുക്ക് ചെയ്ത യാത്രക്കാര്‍ സര്‍വ്വീസില്‍ വരുത്തിയ മാറ്റം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പുറപ്പെടുന്ന സമയം, പിഎന്‍ആര്‍ നമ്പറില്‍ നല്‍കിയ പേര് , ഫോണ്‍നമ്പർ എന്നിവ കൃത്യമാണോയെന്നും യാത്രക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയ ഫോണ്‍നമ്പറിലും ഇ-മെയിലിലുമാകും ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കുക. കൊച്ചിയിലേക്ക് മാത്രമായിരിക്കും ഇനിമുതല്‍ എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുക. പന്ത്രണ്ടുബിസിനസ് ക്ലാസ് ഉള്‍പ്പടെ 170പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയവിമാനങ്ങളാണ് പുതിയ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തിയിരുന്ന ദുബായ്-ഗോവ , ദുബായ് – ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കും എയര്‍ഇന്ത്യ എക്‌സപ്രസ് സര്‍വ്വീസ് നടത്തും.

LEAVE A REPLY