ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഭീഷണിയെന്ന് ആരോപിച്ച് വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പടെ രാജ്യത്ത് 344 മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡല്‍ഹി ഹൈക്കോടതി റദ്ദുചെയ്തു. മരുന്ന് കമ്പനികളുടെ വാദം അംഗീകരിച്ചാണ് നടപടി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടമെന്ന് ചൂണ്ടിക്കാട്ടി വിക്‌സ് ആക്ഷന്‍ 500 പുറമെ കോറെക്സ്, സാരിഡോണ്‍, ഡി-കോള്‍ഡ് ടോട്ടല്‍ തുടങ്ങിയ മരുന്നുകളുടെ ഉല്‍പ്പാദനവം വിതരണവുമാണ്് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ച മരുന്ന് കമ്പനികള്‍ മതിയായ പരിശോധന നടത്തുകയോ, നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് മരുന്നുകളുടെ സംയുക്തങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വാദിച്ചു. ആരോപണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ നിരോധനം എടുത്തുകളയാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.