ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തീയറ്ററുകളിൽ സെക്കന്റ് ഷോ ആരംഭിക്കും. തീയറ്റർ ഉടമകളുടെ നിവേദനത്തെത്തുടർന്ന് സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. എന്തായാലും ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച്ച മുതൽ തീയറ്ററുകളിലെത്തും.
സെക്കന്റ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും അതിനാൽ തീയറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച് 31 ന് ശേഷവും വേണമെന്ന ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കന്റ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവെച്ചിരിക്കുകയായിരുന്നു.
നൂറ് ശതമാനം സീറ്റുകളിലും ആളുകളെ ഇരുത്തിയാൽ മാത്രമേ സെക്കന്റ് ഷോ ആരംഭിച്ചതിന്റെ വിജയമുണ്ടാകൂ എന്നാണ് കൊച്ചിയിലെ ഷേണായീസ് തീയറ്റർ ഉടമ സുരേഷ് പറയുന്നത്.