സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേർക്ക്, രോഗമുക്തി നേടിയവർ 14

സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോഡ് ജില്ലയിൽ നിന്നുള്ള 7 പേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്കും വീതമാണ് പിതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 14 പേർ ഇന്ന് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽ 2 പേരും കാസർകോഡ് 3 ഉം കണ്ണൂർ 5 ഉം എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്.

സംസ്ഥാനത്ത് ആകെ 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ രോഗബാധ ഉണ്ടായ 206 പേർ വിദേശത്ത് നിന്നെത്തിയവർ ആണ്. 78 പേർ രോഗികളുമായി സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 3 പേർ നിസാമുദീനിൽ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളവരാണ്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 169997 പേർ ആണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 169291 പേർ വീടുകളിലും 706 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.