ശബരിമലയിലെ സ്വര്‍ണ കിരീടം നഷ്ടമായിട്ടില്ല: കിരീടം ആറന്‍മുളയിലുണ്ടെന്ന് ബോര്‍ഡ്

ശബരിമല അയ്യപ്പന് ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ കിരീടം സ്‌ട്രേംഗ് റൂമില്‍ നിന്ന് നഷ്ടപ്പെട്ടതായ വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ്. കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി.

തിരുവിതാംകൂര്‍ കമ്മീഷണര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് കിരീടം ആറന്‍മുളയിലുണ്ട്. ഇക്കാര്യം വിശദീകരിക്കാന്‍ തിരുവാഭരണം കമ്മീഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.

2012ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരാണ് 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണ കിരീടം അയ്യപ്പന് സമര്‍പ്പിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ കൊള്ള കേസ് വിവാദമായി നില്‍ക്കെയാണ് സ്വര്‍ണ കിരീടം നഷ്ടമായതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.