ശബരിമല സ്വര്‍ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി എന്ന് വിളിപ്പേരുള്ളയാളുടെ പക്കല്‍ ഉള്ളതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യവസായി വെളിപ്പെടുത്തിയതായാണ് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ ഡി മണിയില്‍ നിന്നും ഈ അമൂല്യ വസ്തുക്കള്‍ കാണാനായി ഡിണ്ടിഗലിലുള്ള വീട്ടിലേക്ക് പോയി. അവിടെ വെച്ച് ഒരു ചാക്കില്‍ കെട്ടിയ നിലയിലാണ് ഈ വസ്തുക്കള്‍ ഉണ്ടായിരുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് മണി പറഞ്ഞത്. എന്നാല്‍, ഈ വസ്തുക്കള്‍ തുറന്ന് കാണാന്‍ കഴിഞ്ഞില്ലെന്നും മൊഴിയില്‍ പ്രവാസി വ്യവസായി പറയുന്നു.
അതേസമയം, ഡി മണി എന്ന് എം.എസ് മണി നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഡി മണി എന്ന വിളിപ്പേര് ഇയാള്‍ നിഷേധിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഇയാള്‍ ഡി മണി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയാറാകാതിരുന്ന ഇയാള്‍ നാളെ ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.



















