അറിയാം മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ

പോഷകങ്ങളാൽ സമ്പന്നമായ ഇലയാണ് മുരിങ്ങയില. വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, അത്യാവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും എല്ലുകളുടെ ബലത്തിനും ശരീരത്തിന് ആവശ്യമായ ഊർജം പകരാനും സഹായിക്കുന്നതായി ആരോഗ്യവിദഗ്തർ പറയുന്നു. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു. ഇത് ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താനും സഹായിക്കും. ബി-വൈറ്റമിനുകൾ, മഗ്നീഷ്യം, പോളിഫെനോൾസ് എന്നിവ മുരിങ്ങയിലയിലുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ഇത് ഫലപ്രദമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ചർമ്മത്തിലെ കൊളാജൻ സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും മുരിങ്ങയില മികച്ചതാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.