രക്താര്‍ബുദ ചികിത്സയ്ക്കായി സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സ സ്വീകരിച്ച 51-കാരനായ എച്ച്‌ഐവി ബാധിതന്‍ രോഗ വിമുക്തനായി. ഇതോടെ ലോകത്ത് എച്ച്‌ഐവി വിമുക്തനാക്കപ്പെടുന്ന ഏഴാമത്തെ വ്യക്തിയായി ഇദ്ദേഹം. മാത്രമല്ല എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന പ്രത്യേക സ്റ്റെം സെല്ലുകള്‍ ഉപയോഗിക്കാതെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തിയും ഇദ്ദേഹമാണ്. ദാതാവില്‍ നിന്ന് സാധാരണ സ്റ്റെം സെല്ലുകളായിരുന്നു അദ്ദേഹം സ്വീകരിച്ചത്. രക്താര്‍ബുദം ചികിത്സിക്കാനായിരുന്നു ഈ ട്രാന്‍സ്പ്ലാന്റ്. എന്നാല്‍, ഈ ചികിത്സയ്ക്ക് ശേഷമുള്ള പരിശോധനയില്‍ അദ്ദേഹം എച്ച്‌ഐവി വിമുക്തനായതായി കണ്ടെത്തി. ഈ ചികിത്സ അര്‍ബുദത്തെയും എച്ച്‌ഐവിയെയും ഒരുപോലെ നീക്കംചെയ്തതായി ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.



















