എ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത കൂടുതലെന്ന് പഠനം. 60 വയസ്സിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. എ രക്തഗ്രൂപ്പുള്ളവർക്ക് 60 വയസ്സിന് മുൻപ് തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അതേ സമയം ഒ രക്തഗ്രൂപ്പുള്ളവർക്ക് ഇത്തരത്തിൽ പക്ഷാഘാതം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നും പഠനഫലം പറയുന്നു. എ രക്തഗ്രൂപ്പിൽപ്പെട്ട എല്ലാവർക്കും ചെറുപ്പത്തിൽ തന്നെ പക്ഷാഘാതം വരുമെന്ന് ഇതിനർത്ഥമില്ലെന്നും, ജീവിതശൈലി, ചുറ്റുപാടുകൾ, മറ്റ് അപകട ഘടകങ്ങൾ എന്നിവ വലിയ പങ്ക് വഹിക്കാമെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന രക്തസമ്മർദം, പുകവലിയുടെ ചരിത്രം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന പ്രമേഹം, അമിതവണ്ണം, അലസമായ ജീവിതശൈലി, കുടുംബത്തിലെ ഹൃദ്രോഗ, പക്ഷാഘാത ചരിത്രം എന്നിവയുള്ളവർ പക്ഷാഘാത സാധ്യത കരുതിരിക്കണമെന്നും പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. നിത്യവുമുള്ള വ്യായാമം, പ്രമേഹത്തിന്റെയും കൊളസ്ട്രോളിന്റെയും ഭാരത്തിന്റെയും നിയന്ത്രണം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഉപേക്ഷിക്കൽ, ഇടയ്ക്കിടെയുള്ള രക്തസമ്മർദം അടക്കമുള്ള ആരോഗ്യ പരിശോധനകൾ എന്നിവയെല്ലാം പക്ഷാഘാത നിയന്ത്രണത്തിൽ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















