കോവിഡ് ബാധിച്ചവരുടെ ഹ്യദയമിടിപ്പിൽ വ്യതിയാനമെന്ന് പഠനം

ദീർഘകാല കോവിഡ് ബാധിച്ചവരുടെ ഹ്യദയമിടിപ്പിൽ വ്യതിയാനം നേരിടുന്നുണ്ടെന്ന് പഠനം. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം എന്നാണ് ഈ അസാധാരണ രോഗം അറിയപ്പെടുന്നത്. കൊവിഡ് ഉള്ള രോഗികളിൽ മൂന്നിലൊന്ന് പേരിലും പിഒടിഎസ് സംഭവിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. മധ്യവയസ്‌കരായ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ ഇത് കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഈ വൈകല്യം നേരിടുന്ന രോഗികൾ കിടന്നിട്ട് എഴുന്നേൽക്കുമ്പോഴാണ് ഹൃദയമിടിപ്പ് അസാധാരണമായി കൂടുന്നത്. ഈ വൈകല്യം ബാധിച്ച ആളുകൾക്ക് പെട്ടെന്ന് എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പഠനം തെളിയിച്ചു. വിശ്രമത്തിലും അധ്വാനത്തിലും അവരുടെ ഹൃദയം സാധാരണയേക്കാൾ വേഗത്തിൽ മിടിക്കുന്നു. രോഗികൾക്ക് ക്ഷീണവും ജോലികളിൽ ഏർപ്പടാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുന്നതായും പഠനത്തിൽ കണ്ടെത്തി. ദീർഘകാല കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്ത 467 രോഗികളിലാണ് പഠനം നടത്തിയത്. ദീർഘകാല കൊവിഡ് ഉണ്ടാകുന്നതിന് മുമ്പ് അവർക്ക് ആരോഗ്യ പ്രശ്നമുണ്ടായിരുന്നില്ലെന്ന് ഗവേഷകർ പറയുന്നു. പങ്കെടുത്തവരിൽ മുപ്പത്തിയൊന്ന് ശതമാനം പേർക്ക് പിഒടിഎസ് സ്ഥിരീകരിച്ചു. രോഗനിർണയമുള്ള രോഗികൾക്ക് ഹൃദയമിടിപ്പ് ഗണ്യമായി ഉയർന്നതായും, അവരിൽ ശാരീരരിക ബുദ്ധിമുട്ടുകൾ കൂടുതലാണെന്നും പഠനത്തിൽ ഗവേഷകർ കണ്ടെത്തി.