ചെറുതെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ സി അടക്കമുള്ള ധാരാളം വൈറ്റമിനുകളുടെ ഉറവിടമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയുടെ തൊലി വരെ ആരോഗ്യകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രീ റാഡിക്കലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, തായ്റോയ്ഡ് ഹോര്മോണിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ചെറുനാരങ്ങ. ദഹനക്കേടിന് ഏറ്റവും ഫലപ്രദമാണ് ചെറുനാരങ്ങ. നിങ്ങൾ ദഹനക്കേട് അല്ലെങ്കിൽ മലബന്ധം മൂലമുള്ള പ്രശ്നം നേരിടുകയാണ് എങ്കിൽ, സലാഡുകളിൽ ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചെറുനാരങ്ങാ ചേർക്കുന്നത് സഹായകരമാകും. കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാരങ്ങയുടെ പതിവ് ഉപഭോഗമാണ്. നാരങ്ങയിൽ സിട്രേറ്റിന്റെ ഏറ്റവും ഉയർന്ന സാന്ദ്രതയുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തുടക്കത്തിൽ തന്നെ തടയുമെന്നു ഗവേഷകർ പറയുന്നു. കരളിനും വൃക്കകൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന ദുഷിപ്പുകൾ അകറ്റാൻ ഡിടോക്സിഫൈയിംഗ് ഏജന്റായി പ്രവർത്തിക്കാനും ചെറുനാരകയ്ക്ക് കഴിവുണ്ട്. ശരീരത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്റ്റീരിയകളെ അകറ്റിനിർത്താൻ ചെറുനാരങ്ങാ സഹായിക്കും. അതിനാൽ തന്നെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ചെറുനാരങ്ങാ ഉത്തമമാണ്. ചെറുനാരങ്ങയുടെ നീര് വെള്ളത്തിൽ ലയിപ്പിച്ചു തലയോട്ടിയിൽ പുരട്ടുന്നത് താരൻ, മുടി കൊഴിച്ചിൽ, ശിരോചർമ്മത്തിലെ മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് സഹായകമാകും. നാരങ്ങാ നീര് മുടിയിൽ പുരട്ടുന്നത് മുടിക്ക് സ്വാഭാവിക തിളക്കവും നൽകും എന്നാൽ ഇതൊരു ബ്ലീച്ചിങ് ഏജന്റ് ആയിതിനാൽ തന്നെ പരിമിതമായ അളവിൽ വേണം നാരങ്ങ നീര് മുടിയിൽ ഉപയോഗിക്കാൻ.

LEAVE A REPLY