മലബന്ധം തടയാനും എളുപ്പത്തിൽ ദഹനം നടക്കാനും കിവി ഫ്രൂട്ട് സഹായിക്കുമെന്ന് പഠനം. ലണ്ടനിലെ കിംഗ്സ് കോളജിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കിവിഫ്രൂട്ട്‌സ്, റൈ ബ്രെഡ്, ഉയർന്ന ധാതുക്കൾ അടങ്ങിയ വെള്ളം എന്നിവ മലബന്ധം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ പ്രോബയോട്ടിക് സ്‌ട്രെയിനുകൾ, മഗ്‌നീഷ്യം ഓക്‌സൈഡ് സപ്ലിമെന്റുകൾ എന്നിവ ഫലപ്രദമാണെന്നും പഠനത്തിൽ പറയുന്നു. ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്, ന്യൂറോഗാസ്‌ട്രോ എൻട്രോളജി ആൻഡ് മോട്ടിലിറ്റി എന്നിവയിൽ പ്രസിദ്ധീകരിച്ച പുതിയ മാർഗനിർദേശങ്ങൾ ബ്രിട്ടീഷ് ഡയറ്റെറ്റിക് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ളതാണ്. കിവിഫ്രൂട്ടിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്റി ഓക്സിഡന്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും, മികച്ച ദഹനത്തിനും, ചർമ്മസംരക്ഷണത്തിനും, കാഴ്ച ശക്തി മെച്ചപ്പെടുത്താനും, കിവിഫ്രൂട്ട് മികച്ചതാണ്.



















