നിപ വൈറസ് ബാധ എളുപ്പം കണ്ടെത്താൻ പരിശോധന വികസിപ്പിച്ച് ഐഎവി

മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന സ്യൂഡോവൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ച് തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഈ വര്‍ഷം പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ ബാധയുണ്ടായ പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ പരിശോധനകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ നടക്കുകയാണ്. അതുപോലെ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ അണുബാധ ഉണ്ടായിട്ടുണ്ടോ എന്നറിയാനും പുതിയ പരിശോധനാ സംവിധാനം ഉപകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മനുഷ്യരില്‍ ഉണ്ടാകുന്ന നിപ ബാധ, അതിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കാനും ഇപ്പോള്‍തന്നെ നാം വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആര്‍ ടി പി സി ആര്‍ പരിശോധനകളും ട്രൂനാറ്റ് പരിശോധനകളും ആണ് അഭികാമ്യം. ആര്‍ ടി പി സി ആര്‍ പരിശോധനയിലും ട്രൂനാറ്റ് പരിശോധനയിലും വൈറസിനെ തന്നെയാണ് കണ്ടെത്തുന്നത് എന്നതിനാല്‍ രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ രോഗം നിര്‍ണയിക്കാന്‍ കഴിയും. എന്നാല്‍ സ്യുഡോവൈറസ് ഉപയോഗിച്ചുള്ള പരിശോധനകളും എലിസ പരിശോധനയും വൈറസിനെതിരെ ശരീരം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡികളെ ആണ് ടെസ്റ്റ് ചെയ്യുന്നത്. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലെ വി ആര്‍ ഡി എല്‍ ലാബുകളോടും ആലപ്പുഴ, പൂനെ എന്നിവിടങ്ങളിലെ NIV ലാബുകളോടുമൊപ്പം നിപ രോഗം കണ്ടെത്താന്‍ ആര്‍ ടി പി സി ആര്‍ പരിശോധന തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് IAV. നിപയുടെ മാത്രമല്ല കേരളത്തിന് എക്കാലവും ഭീഷണിയായ ഡെങ്കിപ്പനിയുടെ നാല് വൈറസ് വകഭേദങ്ങളുടെയും റാബിസ് വൈറസിന്റെയും സ്യൂഡോ വൈറസുകളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി രൂപപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിലുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.