അഗർബത്തി ഒഴിവാക്കണോ?

പൂജാ ദിവസങ്ങളിലായാലും അല്ലാതെയും സുഗന്ധത്തിനും പോസിറ്റീവ് അന്തരീക്ഷം കിട്ടാനും അഗർബത്തി ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമാണ്. എന്നാൽ ഇത് അത്ര നല്ലശീലമല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്‌സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാക്കും . സിഗരറ്റു പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിലെ പുകയും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒരു സിഗരറ്റ് പൂർണമായും കത്തുന്നതിന് സമാനമാണ് ഒരു അഗർബത്തിയിലെ പുകയും. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസകോശമോ ഉള്ളവർക്ക്. വല്ലപ്പോഴും ശ്വസിക്കുന്നത് പോലും അലർജി,ചുമ, ശ്വാസകോശ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും. അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമായേക്കാം. ശ്വാസകോശ ആരോഗ്യത്തിന് അഗർബത്തി പോലുള്ള ധൂപങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ അഗർബത്തികൾ ഉപയോഗിക്കുബോൾ നല്ലപോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.