ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയാതായി റിപ്പോർട്ട്. തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഈ ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവം വലിയ വിവാദമായതോടെ സർക്കാർ ഇടപെടുകയും ചെയ്തു. കുട്ടിയുടെ തുടർചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.