സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെൺകുഞ്ഞിനെ കേരളം ഏറ്റെടുക്കും. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനിൽ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുഞ്ഞിന് ഒരുകിലോയിൽ താഴെ മാത്രമോ ഭാരമുണ്ടായിരുന്നുള്ളൂ എന്നതിനാൽ കുഞ്ഞിനെ അവർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന്, വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാൻ നിർദേശം നൽകി. കുഞ്ഞിന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കുകയും ചെയ്തു. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ സ്‌പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് ഇന്ന് ‘നിധി’. ഇവിടെ എത്തിക്കുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഇപ്പോൾ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമണ്ട്. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.