2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് പ്രതിദിനം 52 മാതൃമരണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആഗോളമരണത്തിന്റെ 7.2 ശതമാനമാണിത്. ഐക്യരാഷ്ട്രസഭാ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023-ൽ ആഗോളതലത്തിൽ 2.6 ലക്ഷം സ്ത്രീകൾ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത്, ഓരോ രണ്ട് മിനിറ്റിലും ഓരോ മാതൃമരണം ലോകത്ത് സംഭവിക്കുന്നു. 2000-ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ മാതൃമരണനിരക്ക് 78 ശതമാനം കുറഞ്ഞതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഒരു ലക്ഷം പ്രസവങ്ങളിൽ മാതൃമരണങ്ങളുടെ എണ്ണം 2000-ൽ 362 ആയിരുന്നുവെങ്കിൽ 2023-ൽ അത് 80 ആയി കുറഞ്ഞു. ആരോഗ്യസേവനങ്ങൾ മെച്ചപ്പെട്ടതിനാൽ ആഗോളതലത്തിലും മാതൃമരണനിരക്ക് 40 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.മാനുഷിക സഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനങ്ങൾ ഒട്ടേറെ രാജ്യങ്ങളിലെ ആരോഗ്യസേവനങ്ങളെ തടസ്സപ്പെടുത്തുന്നതായി യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശുപത്രികൾ അടച്ചുപൂട്ടുന്നതും, ആരോഗ്യ പ്രവർത്തകരുടെ കുറവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.