നഖം കൊഴിഞ്ഞുപോകുന്ന സംഭവം; ബുൽഡാനയിൽ ആശങ്ക

മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ വലിയ ആശങ്കയാകുന്നു. കഴിഞ്ഞ ‍ഡിസംബറിലാണ് ബുൽഡാനയിലെ 15ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്. നഖങ്ങൾക്കു നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് ഇപ്പോൾ. കഴിഞ്ഞ 5 ദിവസത്തിനിടെ ഷെഗാവ് തെഹ്സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് അപൂർവരോഗം റിപ്പോർട്ട് ചെയ്തത്. 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ഷെഗാവിലെ ആശുപത്രയിലേക്ക് മാറ്റി. നഖങ്ങൾ വെള്ള നിറത്തിലേക്കും പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ് ഗ്രാമങ്ങളിൽ ഉള്ളത്. മനുഷ്യശരീരത്തിൽ സെലിനിയത്തിന്റെ അളവു കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ‍ഡോ. അമോൽ ഗിതെ വ്യക്തമാക്കി. ഉയർന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിദഗ്ധ സംഘം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.