വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ആരോഗ്യവകുപ്പ്

പ്രസവം ഏതുസമയത്തും അതിസങ്കീർണമായേക്കാം റിസ്‌ക് എടുക്കേണ്ടത് പ്രസവത്തിലല്ല. വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ പ്രചാരണവാചകവുമായി ബോധവത്കരണം നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്. ജനപ്രതിനിധികളുടെയും സാമുദായിക, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം ശക്തമാക്കാൻ ഡിഎംഒമാർക്ക് നിർദേശംനൽകി. ഇതുസംബന്ധിച്ച പോസ്റ്ററുകൾ പ്രചരിപ്പിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവരുടെ പേരിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽമുതൽ ഈ വർഷം ഫെബ്രുവരിവരെ നടന്ന 2,94,058 പ്രസവങ്ങളിൽ 382 എണ്ണം വീടുകളിലാണ് നടന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വീട്ടിൽ പ്രസവിച്ചവരെ സംഘടിപ്പിച്ച് നടത്തിയ പ്രചാരണപരിപാടിയിൽ നിയമനടപടിയാവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിരുന്ന പരാതി അന്വേഷണത്തിന് കൈമാറി. ഇതുസബന്ധിച്ച് സാമൂഹികപ്രവർത്തകയും താനൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ നൽകിയ നിവേദനം പരിഗണിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി.