പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ സഹോദരൻ പീഡിപ്പിച്ചതായി കൗൺസിലിംഗിൽ വ്യക്തമാക്കി സഹോദരികൾ. കഴിഞ്ഞവർഷം വേനലവധിക്കാലത്ത് കോന്നിയിലെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ 9, 12, 13 വയസ്സുകാരായ സഹോദരിമാരെ പീഡിപ്പിച്ച പതിനേഴുകാരനെ മൂഴിയാർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടികൾ സ്കൂൾ അടച്ചു അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് എന്ന് കൗൺസിലിംഗിൽ പറഞ്ഞു. കുട്ടികളുടെ അമ്മ ജോലിക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം. ബാലികാസദനത്തിൽ കഴിയുന്ന കുട്ടികൾക്ക് ഈ വർഷം കൗൺസിലിങ് നടത്തുന്നതിനിടെയാണ് മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് അധികൃതർ ശിശു ക്ഷേമ സമിതിക്ക് വിവരം കൈമാറിയത്. തുടർന്ന് മൂഴിയാർ പൊലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പുതിയ തലമുറയിലെ കുട്ടികളുടെ കൂട്ടുകെട്ടും, സോഷ്യൽ മീഡിയ ഉപയോഗവും, അവരെ മോശം ചിന്താഗതിയിലേക്കു നയിക്കുന്നുണ്ട്. ചെറുപ്പത്തിലേ അവരുടെ സ്വഭാവ വൈകൃതങ്ങൾ കണ്ടെത്തി കൗൺസിലിംഗ് നല്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് .






















