മുസ്‌ളീങ്ങള്‍ ബിജെപിയില്‍ ചേരണം ; വിവാദ ആഹ്വാനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്

ബംഗലുരു: ആവശ്യം വന്നാല്‍ കര്‍ണാടകയിലെ മുസ്‌ളീങ്ങള്‍ ബിജെപിയുമായി കൈ കോര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ന്യൂനപക്ഷ പ്രതിനിധിയുമായ റോഷന്‍ ബെയ്ഗാണ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും മുസ്‌ളീങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും ഒരു സീറ്റ് മാത്രമാണ് മത്സരിക്കാന്‍ നല്‍കിയതെന്നും പറഞ്ഞു.

എന്‍ഡിഎ അധികാരത്തില്‍ വരികയാണെങ്കില്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി തീരുമാനം എടുക്കാനും ആവശ്യപ്പെട്ടു. ആവശ്യം വന്നാല്‍ ബിജെപിയ്ക്ക് കൈ കൊടുക്കണം. ഒരു പാര്‍ട്ടിയോട് മാത്രമേ വിശ്വാസം കാണിക്കാവു എന്നൊന്നുമില്ല. കര്‍ണാടകത്തിലെ മുസ്‌ളീങ്ങളോട് കോണ്‍ഗ്രസ് കാണിച്ചത് എന്താണെന്നും ചോദിച്ചു. ഇതിനൊപ്പം താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന സൂചനയും ബെയ്ഗ് വ്യക്തമാക്കി.

കോണ്‍ഗ്രസ് വിടണോ വേണ്ടയോ എന്ന കാര്യം വരും ദിവസങ്ങളില്‍ തീരുമാനം എടുക്കുമെന്നും പറഞ്ഞു. കര്‍ണാടകത്തില്‍ മുസ്‌ളീങ്ങളുടെ ഇപ്പോഴത്തെ നിലയ്ക്ക് കാരണം കെപിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു ആണെന്നും ആരോപിച്ചു. അദ്ദേഹത്തിന്റേത് തെറ്റായ തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു. ഇതിനൊപ്പം സിഎല്‍പി നേതാക്കള്‍ ആകാശത്തായിരുന്നെന്നും ഭൂമിയിലേക്ക് ഇറങ്ങിവന്ന് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ തയ്യാറായിരുന്നില്ലെന്നും പറഞ്ഞു.

LEAVE A REPLY