സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍, ഒരു സിദ്ധ ഡിസ്പെന്‍സറി, ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറി എന്നിവയ്‌ക്കുമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങളാണ് എന്‍.എ.ബി.എച്ച്. അംഗീകാരം നേടിയിരിക്കുന്നത്. ഇവയെല്ലാം ഈ സര്‍ക്കാരിന്റെ കാലത്താണ് എന്‍.എ.ബി.എച്ച്. അംഗീകാരം നേടിയിരിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷനിലൂടെ നേടുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീ സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായത്.