കായംകുളം താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഗുരുതര പിഴവുമൂലം 14 വർഷം തുടർച്ചയായി എച്ച്ഐവി, ടിബി ടെസ്റ്റുകൾ നടത്തേണ്ട ദുരവസ്ഥയിൽ ഏഴുവയസുകാരൻ. ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച കുത്തിവെപ്പ് സൂചി കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയിരുന്നു. വീഴ്ചയിൽ ആശുപത്രി ജീവനക്കാർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറിയത്. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ വിദഗ്ധ പരിശോധയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



















