എറണാകുളത്ത് പലതരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പുറത്ത്

എറണാകുളത്ത് പലതരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ജാഗ്രത അനിവാര്യമാണെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ ഇതുവരെ 163 പേര്‍ക്കാണ് വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ജില്ലയില്‍ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് ആളുകള്‍ പകര്‍ച്ചവ്യാധികളാല്‍ ചികിത്സയും തേടിയിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, ചിക്കന്‍പോക്‌സ്, എംപോക്‌സ്, എച്ച് വണ്‍ എന്‍ വണ്‍, വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത രോഗങ്ങള്‍. അതാത് സമയങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും രോഗങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയേണ്ടതാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍, താപനിലയിലുണ്ടാകുന്ന മാറ്റം, ഇടവിട്ടുള്ള മഴ, നഗരവത്കരണം, മാലിന്യ സംസ്‌കരണത്തിലെ പോരായ്മകള്‍, അതുമൂലം കൊതുക്, ഈച്ച, എലി എന്നിവ പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍, ജലദൗര്‍ലഭ്യം തുടങ്ങിയവയൊക്കെയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള കാരണങ്ങളായി അധികൃതര്‍ വ്യക്തമാക്കുന്നത്. ആരോഗ്യജാഗ്രത ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കാലങ്ങളായി അധികൃതര്‍ നടപ്പാക്കി വരുന്നുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണം ചെയ്തുള്ള പദ്ധതികളാണ് നടക്കുന്നത്.