ഏപ്രിൽ 24,25 തീയതികളിൽ സംസ്ഥാനത്ത് അനുവദനീയമായ പ്രവർത്തനങ്ങൾ

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അതിലെ ഉദ്യോഗസ്ഥർക്കും അടിയന്തിര ആവശ്യങ്ങളും സേവനങ്ങളും യാതൊരു തടസവും കൂടാതെ നിർവഹിക്കാൻ സാധിക്കും.

അടിയന്തിര ആവശ്യങ്ങളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കും. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ് കൈയിൽ കരുതേണ്ടതാണ്. തിരിച്ചറിയൽ കാർഡ് ഹാജരാക്കാത്ത തൊഴിലാളികളെ കടത്തിവിടുന്നതല്ല.

ടെലികോം, ഇൻറർനെറ്റ് എന്നീ സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും അതത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് കൈവശമുണ്ടെങ്കിൽ യാത്ര അനുവദിക്കുന്നതാണ്. ഐടി, ഐടിഇഎസ് കമ്പനികളിൽ ജോലിചെയ്യുന്നവർ വീട്ടിലിരുന്ന് ജോലി ചെയേണ്ടതാണ്. ഈ മേഖലകളിലെ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫിസിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കാവൂ.

അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികൾ, പരിചാരകർ, വാക്‌സിനേഷന് യോഗ്യരായ ആളുകൾ തുടങ്ങിയവരെ തിരിച്ചറിയൽ രേഖ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം യാത്ര ചെയ്യാൻ അനുവദിക്കും.

ഭക്ഷണം, പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അവശ്യ വസ്തുക്കൾ ഹോം ഡെലിവറി ചെയ്യാവുന്നതാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാർസൽ സൗകര്യം മാത്രമേ അനുവദിക്കുകയുള്ളു.

ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ വ്യക്തമായ യാത്രാരേഖകൾ മൂലം അനുവദനീയമാണ്. വിമാന, റെയിൽ, റോഡ് വഴി യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്, വിമാനത്താവളം, റെയിൽ‌വേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ / സ്റ്റോപ്പുകൾ / സ്റ്റാൻഡുകൾ എന്നിവയിലേക്കും പുറത്തേക്കും പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ (അഗ്രിഗേറ്റർമാരുടെ ക്യാബുകൾ ഉൾപ്പെടെ) എന്നിവയുടെ നീക്കം അനുവദിച്ചിരിക്കുന്നു.

കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹച്ചടങ്ങുകളും മറ്റും കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടത്താവുന്നതാണ്.

LEAVE A REPLY