കോതമംഗലം സ്വദേശിനിയായ 85 കാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത് ഡോക്ടർമാർ. അത്താഴം കഴിക്കുന്നതിനിടെ ശ്വാസതടസവും നെഞ്ചിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതിന് തുടർന്നാണ് അവശനിലയിൽ 85 കാരിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇ.എൻ.ടി വിഭാഗം എക്സ്- റേ പരിശോധനയും, സി. ടി. സ്കാനും നടത്തി. പരിശോധനയിൽ ശ്വാസനാളത്തിൽ എന്തോ തടഞ്ഞിരിക്കുന്നതായി സംശയം തോന്നിയതിനാൽ അടിയന്തരമായി കൊച്ചിലെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ വലത്തെ ശ്വാസനാളം പൂർണ്ണമായി അടച്ച നിലയിൽ എല്ലിൻ കഷണം കണ്ടെത്തി. തുടർന്ന് നടത്തിയ ബ്രോങ്കോസ്‌കോപിയിലൂടെ ശ്വാസനാളത്തിൽ കുടുങ്ങിയ രണ്ട് സെന്റീമീറ്റർ നീളമുള്ള എല്ലിൻ കഷണം പുറത്തെടുക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോഴാവാം ബീഫ് കറിയിലെ എല്ലിൻ കഷണം ശ്വാസകോശത്തിൽ എത്തിയതെന്ന് ഡോ. ടിങ്കു ജോസഫ് വ്യക്തമാക്കി. ആരോഗ്യം വീണ്ടെടുത്ത രോഗി വീട്ടിലേക്ക് മടങ്ങിയാതായി ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.