സിനിമാകഥപോലെ സിനിയുടെ സിനിമാപ്രവേശനം

ആഷ്‌ന സാബു

വളരെ യാദൃശ്ചികമായിട്ടാണ് സിനി എബ്രഹാം എന്ന പയ്യന്നൂര്‍കാരി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. സിനിമ സ്വപ്നം കാണാത്ത പെണ്‍കുട്ടി. മെര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനും മികച്ച ഫോട്ടോഗ്രാഫറുമായ ഭര്‍ത്താവ് എബ്രഹാം ജോസ് ഒരുക്കിയ ഫ്രെയിമുകളിലൂടെ മോഡലിങ്ങിലേക്കും പരസ്യചിത്രത്തിലേക്കുമുള്ള ചുവടുവയ്പ്പ്. ഒടുവില്‍ സഹതാരമായി സിനിമയിലേക്കുള്ള ചുവടുമാറ്റം. ഒരു സിനിമാ കഥപോലെ അപ്രതീക്ഷിതമെന്നു തോന്നിപ്പിക്കും സിനി എബ്രഹാമിന്റെ സിനിമയിലേക്കുള്ള പ്രവേശനം. ഇന്ന് ‘കാറ്റിനരികെ’ എന്ന പുതുചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികാ വേഷത്തിലും എത്തിനില്‍ക്കുന്നു സിനി എബ്രഹാം.

സിനി മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്താന്‍ കാരണമായത് മകള്‍ അന്‍ജലീനയാണ്. അമ്മയ്ക്കു മുന്‍പേ മകളാണ് ആദ്യം സിനിമയില്‍ മുഖം കാണിച്ചത്. അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു അന്‍ജലീന. ഒപ്പം കൂട്ടുപോയ സിനിയോട് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യവുമായി അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതോടെ താരത്തിന്റെ സിനിമാ പ്രവേശനത്തിന് കളമൊരുങ്ങി. പിന്തുണയുമായി ഭര്‍ത്താവും കുടുംബവും എത്തിയതും, മോഡലിംഗ് രംഗത്തെ പരിചയവും സിനിക്ക് സഹായകരമായി. അങ്ങനെ മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയിലൂടെ മലയാളസിനിമ ലോകത്തേക്ക് സിനിയുടെ ആദ്യ ചുവടുവയ്പ്പ്.

മോഡല്‍, എഴുത്തുകാരി, ടി.വി അവതാരിക, അഭിനയത്രി എന്ന മേഖലകളില്‍ കഴിവുതെളിയിച്ച സിനി കലി, ഹണീബി ടു, പഞ്ചവര്‍ണ തത്ത, വിമാനം, ലീല തുടങ്ങി ഏകദേശം പതിനഞ്ചോളം സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. എങ്കിലും നായികയായി അഭിനയിക്കാന്‍ അവസരം ഒരുക്കിയത് ഫാ. റോയ് കാരക്കാട് കപ്പൂച്ചിന്‍ സംവിധാനം ചെയ്ത കാറ്റിനക്കരെ എന്ന ചിത്രമാണ്.

തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് കാറ്റിനരികെയില്‍ നിന്ന് ലഭിച്ചതെന്ന് സിനി പറയുന്നു. ”മറ്റ് സിനിമകളില്‍നിന്നും വ്യത്യതമായി നായികയുടെ ഉത്തരവാദിത്തങ്ങള്‍ ആദ്യമൊക്കെ ചെറിയ ടെന്‍ഷന് ഇടയാക്കി. പിന്നീട് നായക കഥാപാത്രം ചെയുന്നത് അശോകേട്ടനെ പോലെ വളരെ എക്സ്പീരിയന്‍സ് ഉള്ള നടനാണ് എന്നത് ആശ്വാസമേകി. ഇതുവരെ ചെയ്തിരിക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് കാറ്റിനരികയിലേത്, ഒരു തനി നാട്ടിന്‍പുറത്തുകാരിയുടെ വേഷം. എന്റെ ശരീരഭാഷ കഥാപാത്രത്തോട് യോജിച്ചുപോകുവോ എന്ന നല്ല ഭയം ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ട് ആരംഭിച്ചുകഴിഞ്ഞപ്പോള്‍ ഇത്തരം പേടികള്‍ പതിയെ വിട്ടകന്നു. സെറ്റില്‍ എല്ലാവരും നല്ല പിന്തുണയായിരുന്നു. അശോകേട്ടന്‍ ഒത്തിരി സഹായിച്ചു. പിന്നെ റോയ് അച്ഛന്‍, ചീഫ് ഡയറക്ടര്‍ സ്മിറിന്‍, ക്യാമറാമാന്‍ ഷിനൂബ്, എല്ലാവരും മികച്ച പിന്തുണ നല്‍കി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തന്നെ നല്ല കോണ്‍ഫിഡന്‍സായി. വാഗമണ്ണില്‍ ആയിരുന്നു ഷൂട്ട്, വളരെ മനോഹരമായ ലൊക്കേഷന്‍, ഭംഗിയുള്ള സ്ഥലങ്ങള്‍. നാട്ടുകാര്‍ വളരെ നല്ലവരും സഹകരണ മനോഭാവമുള്ളവരും. ഒരു മികച്ച ദൃശ്യ വിരുന്നായിരിക്കും ‘കാറ്റിനരികെ”, സിനി പറഞ്ഞു.

LEAVE A REPLY