സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞതായി റിപ്പോർട്ട്

സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞതായി റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കര്‍ശന നടപടിയുമായി മുന്നോട്ടു പോയതിനെ തുടർന്നാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവര്‍ഷം തീരാറായിട്ടും സര്‍ക്കാര്‍ ആശുപത്രിഫാര്‍മസികളില്‍ ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്. മുന്‍പ് ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ തീരുകയും പിന്നീട് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇവ എത്തിക്കുകയായിരുന്നു. സംസ്ഥാനമൊട്ടാകെ ആന്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതാണു കാരണം. കുറിപ്പടിയില്ലാതെ മരുന്നുനല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കര്‍ശന നടപടിയെടുത്തതും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗംമൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന അതിനെ കണ്ടതോടെയാണ് സംസ്ഥാനവും കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പരിപാടിയും ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലെ ആന്റിബയോട്ടിക് ദുരുപയോഗം തടയുക എന്നതാണ് അടുത്തലക്ഷ്യം. ബോധവത്കരണത്തിലൂടെയും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയും അവരെയും ഇതിന്റെ ഭാഗമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.