ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍

ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. യു.എസില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന മൂന്ന് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ നടത്തിയ പഠനത്തില്‍ ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷത്തിലധികം പ്ലാസ്റ്റിക് കണങ്ങളാണ് കണ്ടെത്തിയത്. ഓരോ ലിറ്ററിലും 1,10,000 മുതല്‍ 3,70,000 വരെ ചെറിയ പ്ലാസ്റ്റിക് ശകലങ്ങളും അവയില്‍ 90% നാനോപ്ലാസ്റ്റിക്കുകളും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മുന്‍പ് കണക്കാക്കിയതിനേക്കാള്‍ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ള കുപ്പിവെള്ളത്തില്‍ ഉള്ളതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 90 ശതമാനവും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാണ്. ഓരോ തവണ കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തില്‍ വീഴുന്നുണ്ടെന്ന് 2021ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മൈക്രോപ്ലാസ്റ്റിക്കുകളേക്കാള്‍ ഹാനികരമാണ് നാനോ പ്ലാസ്റ്റിക്. പ്ലാസ്റ്റിക് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന അപകടകരമായിട്ടുള്ള രാസവസ്തുക്കള്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും, വൃക്കകള്‍, കരള്‍, ഹൃദയം, തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും.

നാനോപ്ലാസ്റ്റിക്ക് കണങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിവേഗത്തില്‍ രക്തത്തില്‍ കലരുകയും പിന്നീട് അവയവങ്ങളിലേക്ക് കടക്കുകയും ചെയ്യും. ഗര്‍ഭിണികളില്‍ പ്ലാസന്റ വഴി ഗര്‍ഭസ്ഥ ശിശുവിലും നാനോപ്ലാസ്റ്റിക് എത്താന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY