കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം വ്യക്തമാക്കി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും കൂടും. ജീവിച്ചിരിക്കുന്നവരിൽ 20 ശതമാനത്തോളം പേർ അൾഷിമേഴ്സ് സാധ്യത എന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ഒരു സാഹചര്യം വരാം. എന്നാൽ മറവിരോഗ പ്രതിരോധത്തിലും ചികിത്സയിലും വൈദ്യശാസ്ത്രം ഏറെ മുന്നേറിയിട്ടുണ്ട്. ഒരു പരിധിവരെ അൽഷിമേഴ്സ് തടയാൻ വൈകാതെ സാധ്യമാകുമെന്നു പ്രതീക്ഷിക്കാമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. അതേസമയം ചെക്ക് അപ്പുകൾ’ എന്ന പേരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പലതരം ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്താൻ ശ്രമിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമാണ് രോഗനിർണയത്തിനാവശ്യമായ മറ്റു ടെസ്റ്റുകൾ നടത്തേണ്ടത്. ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം അതിജീവിക്കാനുള്ള ശേഷി രോഗാണുക്കളിൽ ഉണ്ടാക്കും. അത്യാസന്ന നിലകളിൽ ജീവൻ രക്ഷാമരുന്നുകൾ പരാജയപ്പെടാൻ ഇതു കാരണമാകുന്നു. ആൻ്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ എടുത്ത പ്രാരംഭ നടപടിയെ സമ്മേളനം സ്വാഗതം ചെയ്തു.