കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്ന് റിപ്പോർട്ട്. ഞായർ തിങ്കൾ ദിവസങ്ങളിൽ അയൽവീട്ടിലെ വിവാഹത്തോട് അനുബന്ധിച്ചു നടന്ന വെടിക്കെട്ടിനെ തുടർന്നാണ് സംഭവം. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി. കാലിന് അടിയിൽ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും. വിവാഹശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷം രാത്രിയിലും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഈ സമയത്താണ് കുഞ്ഞിന് അപസ്മാരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായത്. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.






















