സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. 2025-26 വർഷത്തേക്കുള്ള ബജറ്റിൽ ആരോഗ്യ മേഖലക്കുള്ള വകയിരുത്തൽ 2782 കോടി രൂപയാണ്. കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം എന്നീ ഇനങ്ങളിലെ ഇതുവരെയുള്ള കുടിശ്ശിക 2317 കോടി രൂപയാണ്. ഇത് കൊടുത്തുതീർത്താൽ പിന്നെ ബജറ്റിൽ ശേഷിക്കുന്നത് 464 കോടി രൂപ മാത്രം. ഈ തുക കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികൾ ഒരു വർഷം പ്രവർത്തിക്കേണ്ടത്. നിലവിൽ പല സർക്കാർ ആശുപത്രികളും മരുന്നുക്ഷാമത്തിന്റെ പിടിയിലാണ്. ആശുപത്രി വികസന ഫണ്ടിൽ നിന്നടക്കം തുക ചെലവഴിച്ച് വാങ്ങിയ മരുന്നുകൾക്കുള്ള കോടികളുടെ കുടിശ്ശിക സർക്കാർ തിരിച്ചടക്കാനുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ഉയർന്ന നിരക്കായതിനാൽ സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.