മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തിക്ക് പുനർജ്ജന്മം

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തിക്ക് പുനർജ്ജന്മം. മഹാരാഷ്ട്രയിലെ കോലാപൂരില്‍ മരിച്ചയാള്‍ക്ക് പുനര്‍ജന്‍മം നല്‍കിയത് റോഡിലെ സ്പീഡ് ബ്രേക്കറായിരുന്നു. മരിച്ചയാളുടെ മൃതദേഹം അന്ത്യ കർമ്മങ്ങൾക്കായി ആംബുലന്‍സിൽ വീട്ടിലേക്ക് കൊണ്ട് പോകുമ്പോഴാണ് സംഭവം നടന്നത്. വാര്‍ത്ത വൈറലായതോടെ ഇത് അത്ഭുതമാണോ അതോ ഡോക്ടർമാരുടെ പിഴവാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പാണ്ഡുരംഗ് ഉൾപെ എന്ന 65കാരനെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് കോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയും ഉള്‍പെയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങിയപ്പോള്‍ ഉള്‍പെ ശ്വസിക്കുന്നതായും വിരലുകള്‍ ചലിക്കുന്നതായും ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുവിടാന്‍ ഭാര്യ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ഉള്‍പെക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്കും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് ഉള്‍പെ. ഇത്തരം സംഭവങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂവെന്ന് ഹൃദ്രോഗ വിദഗ്ധൻ ഡോ.സ്നേഹദീപ് പാട്ടീൽ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.