തൃശ്ശൂർ പീച്ചി ഡാം റിസർവോയറിന്റെ തെക്കേക്കുളം ഭാഗത്തു അപകടത്തിൽ പെട്ട നാല് വിദ്യാർഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജന സിജിയുടെ മകൾ അലീന ഷാജനാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻറിലേറിൽ ചികിത്സയിലായിരുന്നു 16കാരി. പുലർച്ചെ 12.30 ഓടെയായിരുന്നു മരണം. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേർ ആശുപത്രിയിൽ തുടരുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. നാലുപേരും ഒരേ സ്‌കൂളിലെ വിദ്യാർഥിനികളാണ്. പള്ളിപ്പെരുന്നാൾ ആഘോഷത്തിന് കൂട്ടുകാരിയുടെ വീട്ടിൽ എത്തിയ ശേഷം കുട്ടികൾ റിസർവോയർ കാണാൻ പോയതായിരുന്നു. പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ കൂടി വീണത്. വീഴാതെ രക്ഷപ്പെട്ട ഒരു കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.





















