പരോപകാരമെന്ന നിലയിൽ അവയവം ദാനം ചെയ്യാൻ സമ്മതം കാണിക്കുന്ന ദാതാവിന്റെ അപേക്ഷ വ്യക്തമായ കാരണമില്ലാതെ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബന്ധുക്കളല്ലാത്തവരും അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതിൽ ശുഭാപ്തിവിശ്വാസമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള തീരുമാനമാണ് വേണ്ടതെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. അടിയന്തരമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയനാകേണ്ട 20 വയസ്സുകാരന് രക്തബന്ധമില്ലാത്ത യുവതിയുടെ വൃക്ക സ്വീകരിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ അനുമതി നൽകണമെന്ന് ഉത്തരവിട്ടാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഒരാഴ്ചയ്ക്കുള്ളിൽ എറണാകുളം ജില്ല ഓതറൈസേഷൻ സമിതി അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കി അവയവമാറ്റനടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു. മലപ്പുറം സ്വദേശിയുടെ ഹർജിയിലാണ് ഉത്തരവ്. ഭാര്യയിൽനിന്ന് സ്വീകരിച്ച വൃക്കകൊണ്ടാണ് ഹർജിക്കാരൻ ജീവിതം നിലനിർത്തുന്നത്. പിതാവും വൃക്കരോഗിയാണ്. യുവാവിന് വൃക്ക നൽകാൻ ആലപ്പുഴ അരൂർ സ്വദേശിയായ യുവതി സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക ഇടപാടടക്കമുള്ള കാരണങ്ങളുടെ പേരിൽ അധികൃതർ അനുമതി നിഷേധിച്ചു. തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.