തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർഥി 22-ന് നാവായിക്കുളം പഞ്ചായത്തിലെ മാടൻകാവ് കുളത്തിൽ രണ്ടു സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ പോയിരുന്നു. 23-ന് പനിയും ജലദോഷവും പിടിപ്പെട്ടു. തുടർന്ന് നാവായിക്കുളം പി.എച്ച്.സി.യിൽ ചികിത്സതേടി. പരിശോധനയിൽ വിദ്യാർഥി കുളത്തിൽ കുളിച്ച കാര്യം അമ്മ ഡോക്ടറോടു പറഞ്ഞിരുന്നു. അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. ശേഷം 25-ന് പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സതേടി. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. നാവായിക്കുളം പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസറുടെ സമയോചിതമായ ഇടപെടൽ രോഗനിർണയവും ചികിത്സയും വേഗത്തിലാക്കാൻ കഴിഞ്ഞു. കുട്ടിക്കൊപ്പം കുളത്തിൽ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്.