അയോധ്യ; ചരിത്രവിധിക്കായി കാതോര്‍ത്ത് രാജ്യം, ഓര്‍ക്കാം ചില ചിത്രങ്ങളും…

നാല്‍പ്പത് ദിവസത്തെ വാദം കേള്‍ക്കലിനു ശേഷം അയോധ്യ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. വിധി എന്തുതന്നെയായാലും ജനങ്ങള്‍ അതിനെ മത- രാഷ്ട്രീയ ചിന്തകള്‍ മാറ്റിവച്ച് സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാരംഭിച്ച കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ മതത്തിന്റെയും ജാതിയുടെയും മുഖംമൂടിക്കുള്ളില്‍ ചില സ്വാര്‍ത്ഥ ചിന്താഗതിക്കാര്‍ പല തെറ്റായ വാര്‍ത്തകളും പടച്ചുവിട്ടെന്നു വരും. എന്നാല്‍ അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്. ഗുജറാത്ത് കലാപം ഇവിടെ ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു. രാജ്യം നേരിട്ടു കണ്ട ഏറ്റവും മികച്ച ഒരു ഉദാഹരണവും അതു തന്നെയാണ്. ഉയര്‍ത്തി പിടിച്ച വാളും ജീവനു വേണ്ടിയുള്ള കേണപേക്ഷയും രാജ്യ മനസാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, മത- വര്‍ഗീയ ചിന്തകള്‍ താളം തെറ്റിച്ച ജാതീ കോമരങ്ങളുടെ മുന്നില്‍ മതത്തിനും ജാതിയ്ക്കും വര്‍ഗീയതയ്ക്കുമൊന്നും മനുഷ്യത്വത്തിനു മുന്നില്‍ സ്ഥാനമില്ലെന്നും തെളിയിച്ചതാണ് കുത്തുബുദ്ദീന്‍ അന്‍സാരിയുടെയും മോച്ചിയുടെയും കൂടിച്ചേരല്‍. ഈ ചിത്രം മനസില്‍ വച്ചുകൊണ്ടാവണം നാം അയോധ്യ വിധിയെ കാണാന്‍.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുന്നത്. 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ ആയിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളില്‍ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക.

അതേസമയം, ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലേക്ക് 4,000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിലയിരുത്തി. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറില്‍ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

LEAVE A REPLY