ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികന്റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികന്റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ. ബീഹാർ സ്വദേശിയായ ബി.കെ കാണിനാണ് ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ടിക്കറ്റ് ചെക്കറായ സവിന്ദ് കുമാർ സി.പി.ആർ. നൽകിയതാണ് വയോധികന്റെ ജീവൻ രക്ഷിച്ചത്. സഹോദരനൊപ്പം ബിഹാറിലെ ദർബാം​ഗയിൽ നിന്ന് ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് പവൻ എക്സ്പ്രസിൽ പോവുകയായിരുന്നു ബി.കെ കാൺ. ഇതിനിടയിലാണ് നെഞ്ചിൽ പെട്ടെന്ന് വേദന അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുകയും ചെയ്യ്തത്. ഉടൻ തന്നെ സഹോദരൻ റെയിൽ മദദ് പോർട്ടറിലൂടെ റെയിൽവേയിലേക്ക് വിവരം അറിയിച്ചു. ടിക്കറ്റ് എക്സാമിനർക്ക് വിവരം കിട്ടിയയുടൻ അദ്ദേഹം കോച്ചിലെത്തി. ഇതിനിടെ സഹോദരൻ കുടുംബ ഡോക്ടറെ വിളിക്കുകയും അദ്ദേഹം ഒട്ടുംവൈകാതെ സി.പി.ആർ. നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ സവിന്ദ് കുമാർ ഏകദേശം പതിനഞ്ചു മിനിറ്റോളം ഡോക്ടറുടെ നിർദേശപ്രകാരം കാണിന് സി.പി.ആർ. നൽകി. ഇതിനുശേഷമാണ് കാൺ കണ്ണുതുറന്നത്. തുടർന്ന് ചാപ്ര സ്റ്റേഷനിലെത്തിയതോടെ മെഡിക്കൽ എമർജൻസി ടീം എത്തുകയും കാണിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യ്തു. സവിന്ദ് കുമാറിന്റെ ഇടപെടലാണ് കാണിന്റെ ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.