തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു; 574 ഫേസ്ബുക്ക് പോസ്റ്റുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 574 പോസ്റ്റുകളും ട്വിറ്റര്‍ 49 അക്കൗണ്ടുകളും ഡീലീറ്റ് ചെയ്തു. ആദ്യ മൂന്ന് ഘട്ട പോളിങ്ങിനിടെ സ്വീകരിച്ച നടപടികളാണ് ഇത്. രണ്ട് യൂട്യൂബ് വീഡിയോകളും ഒപ്പം മൂന്ന് വാട്‌സാപ്പ് സര്‍വീസ് യൂസര്‍മാരെയും വിലക്കിയിട്ടിട്ടുണ്ട്.

ഓരോ ഘട്ടത്തിലുമുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കിടെ രാഷ്ര്ടീയ പരസ്യങ്ങള്‍ നല്‍കിയതിനാണ് കൂടുതല്‍ അക്കൗണ്ടുകള്‍ക്കെതിരെയും (468) നടപടിയെടുത്തത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും നടപടിയുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ എത്തിയിരിക്കുന്നത് തെലങ്കാനയില്‍ നിന്നാണ്. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ ഇത് നീക്കം ചെയ്യാമെന്ന് സമൂഹമാധ്യമങ്ങള്‍ നേരത്തെ തന്നെ സ്വമേധയാ സമ്മതിച്ചിരുന്നു.

തെരഞ്ഞെടുപ്പനുബന്ധിച്ച് കമ്മീഷന്റെ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ശനമായ നിരീക്ഷണം നടത്തുന്നുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, വെബ്‌സൈറ്റുകള്‍, എസ്.എം.എസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പെരുമാറ്റ ചട്ട ലംഘനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

LEAVE A REPLY