രണ്ടര വയസുള്ള മകന് ചികിത്സ വേണ്ടെന്ന് വച്ച് ആദിവാസി ഊരിലേക്ക് മടങ്ങിയ കുടുംബത്തെ, രാത്രി ആനത്താരയിലൂടെ ആംബുലൻസ് ഓടിച്ച് ആശുപത്രിയിൽ തിരികെയെത്തിച്ച് സൂപ്രണ്ട്. അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭനാണ് ചികിൽസയിൽ മാത്രമല്ല അടിയന്തര ഘട്ടത്തിൽ വളയം പിടിക്കാനും മികവുണ്ടെന്ന് തെളിയിച്ചത്. ശ്വാസ തടസം നേരിട്ട് ചികിൽസ തേടിയെത്തി പിന്നീട് ഡോക്ടറോട് പറയാതെ ഊരിലേക്ക് മടങ്ങിയ രണ്ടരവയസുകാരനെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് സൂപ്രണ്ട് ആശുപത്രിയിൽ തിരികെയെത്തിച്ചത്. രാത്രി ഏറെ വൈകി ആംബുലൻസ് ഡ്രൈവറെ കിട്ടാതെ വന്നതോടെയാണ് ആംബുലൻസ് ഓടിക്കാൻ സൂപ്രണ്ട് സ്വമേധയാ തയ്യാറായത്. ഡോക്ടറും, ആരോഗ്യ പ്രവർത്തകരും അദ്ദേഹത്തോടുപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. മതിയായ ചികിൽസ കിട്ടാതിരുന്നാൽ കുട്ടിയുടെ ജീവന് തന്നെ ആപത്തെന്ന് കണ്ടാണ് സൂപ്രണ്ട് ആംബുലൻസോടിച്ചത്. കുഞ്ഞ് സുഖം പ്രാപിക്കുന്നതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.