മൂന്നാം ലോക കേരള സഭയ്ക്ക് തുടക്കമായി

നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദര്‍ശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈവിധ്യമാര്‍ന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ അന്തസത്ത. ഒരു വ്യക്തിക്കും അതിന്റെ പ്രാധാന്യവും സാധുതയും കുറയ്ക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മൂന്നാമതു ലോക കേരള സഭയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികള്‍ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ നിയമസഭാ മന്ദിരത്തില്‍ ഇന്നും നാളെയുമായി (ജൂണ്‍ 17, 18) നടക്കും.

ഏകത്വം എന്ന ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും നാഗരികതയുടേയും പ്രതീകമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തിന്റെ മനസില്‍ ആഴത്തില്‍ വേരൂന്നിയതാണ്. പ്രവാസ ജീവിതത്തിലും ഇതു കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. ലോകമെമ്പാടും രാജ്യത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്കു വലുതാണ്. ആയിരക്കണക്കിനു പ്രവാസികളുടെ ത്യാഗം രാജ്യത്തിനു ലഭിച്ച പല കീര്‍ത്തിക്കു പിന്നിലുമുണ്ട്. ഇതില്‍ മലയാളികളായ പ്രവാസികളുടെ ജീവിതവും സംഭാവനകളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

യുക്രെയിന്‍ പ്രതിസന്ധിയുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും നാട്ടിലേക്കുള്ള തിരിച്ചുവരവു സുമമാക്കാന്‍ സര്‍ക്കാരിനു സഹായം നല്‍കിയത് ലോക കേരള സഭയിലെ അംഗങ്ങളടങ്ങുന്ന പ്രവാസി സമൂഹമാണ്. സംസ്ഥാനത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി വികസനത്തില്‍ പ്രവാസി സഹോദരങ്ങളെക്കൂടി പങ്കുകാരാക്കുന്നതിനായാണു ലോക കേരള സഭ രൂപീകരിച്ചത്. മലയാളികളുടെ സാമൂഹിക ജീവിതത്തില്‍ ലോകമെമ്പാടുമുള്ള പ്രവാസികളുടെ സജീവ സഹകരണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

സംസ്ഥാനത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാരുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അറിവുകളും അനുഭവങ്ങളും പങ്കിടുന്നതിനുള്ള ഓണ്‍ലൈന്‍ ആശയ വിനിമയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലോകകേരള സഭയ്ക്കു കഴിയണമെന്നു ഗവര്‍ണര്‍ പറഞ്ഞു. യുക്രെയിന്‍ പ്രതിസന്ധിയെത്തുടര്‍ന്നു മടങ്ങിവന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തുടരുന്നതിനും മുന്‍ഗണന നല്‍കണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് തുടങ്ങി സംസ്ഥാനത്തിന്റെ ശക്തിമേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രവാസി മലയാളി സംരംഭകര്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

LEAVE A REPLY