സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ. നാല് പ്രധാന ലക്ഷണങ്ങൾ നിരീക്ഷിച്ച് ഒവേറിയൻ കാൻസർ സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകർ പറയുന്നത്. വയറുവീർക്കുക, അടിവയറുവേദന, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പെട്ടെന്ന് വയറുനിറഞ്ഞതായി അനുഭവപ്പെടുക തുടങ്ങിയവയാണ് ആ പ്രധാനലക്ഷണങ്ങൾ. സ്ഥിരമായി ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾ വൈകാതെ തന്നെ ആരോഗ്യ വിധഗ്തതരെ കണ്ട് വേണ്ട പരിശോധനകൾ ചെയ്യണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. യു.കെ.യി.ലെ ബിർമിങാം സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ഇന്റർനാഷണൽ ജേർണൽ ഓഫ് ഗൈനക്കോളജിക്കൽ കാൻസറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015 ജൂണിനും 2022 ജൂലൈക്കും ഇടയിലാണ് പഠനം നടത്തിയത്. പതിനാറിനും തൊണ്ണൂറിനും ഇടയിൽ പ്രായമുള്ള 2,596 സ്ത്രീകളുടെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. രോഗം നേരത്തേ തിരിച്ചറിയലാണ് ഒവേറിയൻ കാൻസറിനെ അതിജീവിക്കാൻ പ്രധാനമെന്ന് ഗവേഷകർ പറയുന്നു. ഈ പ്രധാന നാല് ലക്ഷണങ്ങളെ കേന്ദ്രീകരിച്ച് ഒവേറിയൻ കാൻസറിനെ നേരിടുക വഴി അതിജീവന നിരക്ക് കൂട്ടാനാകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.