കണ്ണൂർ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ഒരു പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ഒരു പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത്, മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റർ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സമർപ്പിക്കണം എന്നും ഉത്തരവിൽ പറയുന്നു.