പ്രോസ്‌ട്രേറ്റ്‌ അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍

പുരുഷന്മാരിലെ പ്രോസ്‌ട്രേറ്റ്‌ അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. 60,000ത്തോളം ജീനുകളെ സീക്വന്‍സ്‌ ചെയ്‌താണ്‌ പ്രോസ്‌ട്രേറ്റ്‌ അര്‍ബുദത്തെ കുറിച്ച്‌ സൂചനകള്‍ നല്‍കുന്ന 54 ബയോ മാര്‍ക്കറുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്‌. ഇതില്‍ 17 മാര്‍ക്കറുകള്‍ ഉയര്‍ന്ന ഗ്രേഡിലുള്ള അര്‍ബുദത്തിന്റെ സൂചന നല്‍കുന്നതാണ്‌. ശരാശരി 62 വയസ്സുള്ള 743 പുരുഷന്മാരിലാണ്‌ ഗവേഷകർ പരീക്ഷണം നടത്തിയത്‌. ടെന്നെസിയിലെ വാന്‍ഡര്‍ബില്‍റ്റ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ്‌ കണ്ടെത്തലിനു പിന്നിൽ. അനാവശ്യമായ ബയോപ്‌സികള്‍ 35 മുതല്‍ 42 ശതമാനം വരെ കുറയ്‌ക്കാന്‍ എംപിഎസ്‌2 പരിശോധനയിലൂടെ സാധിക്കുമെന്നാണ്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്‌. കൂടാതെ അര്‍ബുദ സാധ്യത കൃത്യമായി നിര്‍ണ്ണയിച്ച ശേഷം മാത്രം ബയോപ്‌സി അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക്‌ പോകാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ ഗവേഷകര്‍ വ്യക്തമാക്കുന്നു. ജാമാ ഓങ്കോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.