എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഉള്ളുനീറി സി.പി.എം; തോറ്റാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉള്ളുനീറി സിപിഎം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച കണക്കുകള്‍ ആശ്വാസകരമല്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. പുറമേ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ കണക്കുകള്‍ അനുകൂലമല്ലെന്നാണു വിവരം. ഫലം അനുകൂലമല്ലെങ്കില്‍ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറിക്കുള്ള സാധ്യതയാണു നിലനില്‍ക്കുന്നത്.

ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടു നടത്തിയ നീക്കങ്ങള്‍ പാളിപ്പോയാല്‍ പൊട്ടിത്തെറി വലുതാകും. തെരഞ്ഞെടുപ്പിനു മുമ്പു പല ബ്രാഞ്ച് കമ്മിറ്റികളില്‍നിന്നും അനുകൂല റിപ്പോര്‍ട്ടാണു ലഭിച്ചിരുന്നത്. പ്രകടനം മോശമായാല്‍ പ്രാദേശിക ഘടകങ്ങളില്‍ ഒട്ടേറെ തലകള്‍ ഉരുളും. സിറ്റിങ് സീറ്റുകളില്‍പ്പോലും സി.പി.എം. ആശങ്കയിലാണ്. കാസര്‍ഗോഡ്, ആറ്റിങ്ങല്‍, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രമാണ് ഉറച്ച പ്രതീക്ഷ. ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ അത്ഭുതങ്ങള്‍ നടന്നേക്കുമെന്ന് ആശിക്കുമ്പോഴും കാസര്‍ഗോഡ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണെന്നതു ഞെട്ടിക്കുന്നു.

ചാലക്കുടിയിലും ആലത്തൂരിലും സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചു പ്രവര്‍ത്തകരിലുണ്ടായിരുന്ന എതിര്‍പ്പ് ഫലത്തെ സ്വാധീനിച്ചെന്നാണു പ്രാദേശിക കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. ആലത്തൂരില്‍ മുന്‍ സ്പീക്കര്‍ കൂടിയായ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യം തള്ളിയാണ് പി.കെ. ബിജുവിനു മൂന്നാം അവസരം നല്‍കിയത്. പാലക്കാട് വിജയിച്ചാലും ഭൂരിപക്ഷം കുറയുമെന്നൃ ബ്രാഞ്ച്, ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.

ചാലക്കുടിയിലും ഇടുക്കിയിലും ആശങ്കയുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്റിനു പകരം എറണാകുളത്തു മത്സരിച്ച പി. രാജീവിനെ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇടുക്കിയില്‍ മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണു വിലയിരുത്തല്‍.

LEAVE A REPLY