ഹോമിയോ സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ മൊബൈൽ ആപ്പ്

ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. പൊതുജനങ്ങൾക്ക് മൊബൈൽ സാങ്കേതികവിദ്യകൾ വഴി സർക്കാർ സേവനങ്ങൾ വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈൽ ആപ്പ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.

പൗരൻമാർക്ക് വകുപ്പിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യൽ ഒപി സേവനങ്ങൾ വേഗത്തിൽ ലഭിക്കും. ഹോമിയോപ്പതി വകുപ്പിലെ പ്രവർത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വർദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങൾ രക്ഷകർത്താവിന്റെ സമ്മതത്തോടെ നൽകുന്നതിന് ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളിൽ നിന്നും മരുന്നുകൾ വാങ്ങാം.

സമീപ ഭാവിയിൽ ഒ.പി, സ്പെഷ്യൽ ഒപി സേവനങ്ങൾ ഈ രീതിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും അറിയിക്കാൻ സാധിക്കും. ടെലി മെഡിസിൻ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികൾക്ക് സേവനങ്ങൾ വീട്ടിൽ ലഭിക്കും. ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളിൽ പോലും സേവനങ്ങൾ നൽകാനും കഴിയും.

m-Homoeo ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

LEAVE A REPLY